Friday, 9 September 2016

ഈഴവർ ഒരു ജാതിയല്ല, ഒരു സമുദായമാണ്.















ഈഴവർ ഒരു ജാതിയല്ല, ഒരു സമുദായമാണ്.




ഈഴവസമുദായം ജാതികളിൽനിന്നും എങ്ങനെ വേറിട്ട്നിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ് താഴെ നൽകിയിരിക്കുന്നത്.  

കഴിഞ്ഞ കാലങ്ങളിൽ ഹിന്ദുക്കളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ചാതുർവർണ്ണ്യമെന്ന് പറയപ്പെടുന്നു. സംസ്കൃതത്തിൽ വർണ്ണ എന്ന വാക്കിന് മുഖ്യമായ അർത്ഥം വർണ്ണം അഥവാ നിറമെന്നാകുന്നു. ചാതുർ എന്നുള്ളത് നാലിനേയും സൂചിപ്പിക്കുന്നു. എന്നാൽ ചാതുർവർണ്ണ്യമെന്നത് നാല് നിറങ്ങളേയല്ല, പകരം ഹിന്ദുക്കളിലെ നാല് ജാതികൾ ഉൾപ്പെടുന്ന ജാതിവ്യവസ്ഥയേയാണ് സൂചിപ്പിക്കുന്നത്. അക്കാരണത്താൽ വർണ്ണയെന്ന സംസ്കൃത വാക്കിന് ജാതിയെന്ന അർത്ഥവും ഉണ്ട്.
ചാതുർവർണ്ണ്യത്തിൽ ഉൾപ്പെട്ട നാല് ജാതിക്കാരെയും അവരുടെ ഉപജാതിക്കാരെയും സവർണ്ണരെന്നും, ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടാത്തവരെ അവർണ്ണരെന്നും വിളിച്ചിരുന്നു. ‌അവർണ്ണരെന്നാൽ ജാതിയല്ലാത്തവർ ന്നുമാത്രമാണ്അർത്ഥമാകുന്നത്.

ജാതിയും (caste), സമുദായവും (community) വ്യത്യസ്ഥമാണ്. ഒരു സ്ഥലത്ത് വസിക്കുന്ന ഒരു കൂട്ടം ആളുകളെ സമുദായം എന്ന് പറയുന്നു. അവരിൽ വിവിധ മതക്കാരും, പല ദേശങ്ങളിൽ നിന്നും കുടിയേറിയവരും ഉണ്ടാകാം. ഓരോ സമുദായങ്ങളുടേയും ആരാധനകളും, ആചാരങ്ങളും വ്യത്യസ്തമാണ്. സമുദായങ്ങളെ അവർ പുറപ്പെട്ട ദേശത്തിൻറെ പേരിലോ, അവരുടെ ആരാധന, ആചാരം, തൊഴിൽ എന്നിവയുമായി ബന്ധമുള്ള പേരിലൊ അറിയപ്പെടുന്നു. കേരളത്തിലെ ഹിന്ദുക്കളിൽ ജാതി വ്യവസ്ഥയിൽ ഉൾപ്പെടുന്നവരും, അതിൽ ഉൾപ്പെടാത്തവരുമെല്ലാം വാസ്തവത്തിൽ ഓരോ സമുദായങ്ങളാണ്. എന്നാൽ ജാതി വ്യവസ്ഥയിൽ ഉൾപ്പെടുന്നവരെ ഓരോ ജാതികളായി തരംതിരിച്ചിരുന്നു. അക്കാരണത്താൽ അവരെ ഓരോ ജാതികളായി അറിയപ്പെടുന്നു. പാരമ്പര്യമായി കേരളത്തിൽ എല്ലാ സമുദായങ്ങളിലുള്ളവരും വിവാഹം ആലോചിക്കുന്നതും, നടത്തുന്നതും അവരവരുടെ സമുദായങ്ങളിൽ നിന്നുമാണ്. ഒരു വ്യക്തിയുടെ സമുദായം അയാളുടെ മാതാപിതാക്കളും, അവരുടെ പൂർവ്വികരും, അയാളുടെ മക്കളും, ബന്ധുക്കളും, വരാൻ പോകുന്ന തലമുറകളും ഉൾപ്പെട്ടതാണ്. അതുകാരണം ഒരു വ്യക്തിയുടെ സമുദായം അയാളുടെ ജീനുമായി (gene) ബന്ധപ്പെട്ടിരിക്കുന്നു. അത് മാറണമെങ്കിൽ എല്ലാ സമുദായങ്ങളിലുള്ളവരും പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുന്നകാലം വരണം.

ശ്രീനാരായണ ഗുരുദേവൻറെ ജാതിനിർണ്ണയം എന്ന കവിതയിൽ മനുഷ്യരിൽ ജാതികളില്ലെന്നും, മനുഷ്യർക്ക് തമ്മിൽ ഒരു വ്യത്യാസവുമില്ലന്നും, മനുഷ്യൻറെ പ്രത്യേകത മനുഷ്യത്വമാണെന്നും സൂചിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നുള്ള പ്രപഞ്ചസത്യവും ഗുരുദേവൻ ആ കവിതയിൽകൂടി നന്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. എന്നാൽ ബ്രഹ്മജ്ഞാനിയും, ഈശ്വരതുല്യനുമായ ശ്രീനാരായണ ഗുരുദേവൻ സമുദായങ്ങൾ വേണ്ടന്ന് പറഞ്ഞിട്ടില്ല. കാരണം ഒരു വ്യക്തിയുടെ സമുദായം ആ വ്യക്തിയുടെ മാതാപിതാക്കളുടെയും സമുദായമായിരിക്കും. അതേ വ്യക്തി, അതേ സമുദായത്തിൽ നിന്നും വിവാഹം ചെയ്യുകയാണെങ്കിൽ മക്കളും അതേ സമുദായത്തിപ്പെടുന്നവരാകും. അവരുടെ ജീൻ സെഗ്‌മെൻറ്റും (gene segment of DNA) ഒരുപോലെ ആയിരിക്കും. അതിൻറെ സാദൃശ്യം തലമുറകളിൽകൂടി അവരവരുടെ സമുദായങ്ങളിൽ നിലനിൽക്കുന്നു. അക്കാരണത്താൽ നമ്മൾ സമുദായം വേണ്ടന്ന് പറഞ്ഞാൽ, അത് നമ്മുടെ മാതാപിതാക്കളേയും മക്കളേയും ബന്ധുക്കളേയും വേണ്ടന്ന് പറയുന്നതുപോലെയാണ്.

കേരളത്തിൽ ആര്യന്മാർ കുടിയേറുന്നതിനു മുൻപ് ബുദ്ധമതക്കാരയിരുന്ന ഈഴവർ പിന്നീട് ഹിന്ദുമത വിശ്വാസികളായെങ്കിലും ആര്യബ്രാഹ്മണരുടെ ജാതി വ്യവസ്ഥയായ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല. ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടാത്ത ഈഴവരെ ജാതിയാണെന്ന് പറയുന്നത് തെറ്റാണ്. മനുഷ്യരെ ജാതികളായി തരംതിരിക്കുന്ന ജാതിവ്യവസ്ഥയ്ക്ക് ഈഴവ സമുദായവുമായി ഒരു ബന്ധവുമില്ല. ഈഴവ എന്ന വാക്ക് ഏതെങ്കിലും ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. എന്നാൽ ഈഴവർ കേരളത്തിലെ ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷമായ അവർണ്ണ (ജാതി അല്ലാത്ത) സമുദായമാണ്. ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടാത്ത ഈഴവർക്ക് കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ സവർണ്ണരിൽനിന്നും, സവർണ്ണരായ ഭരണകർത്താക്കളിൽനിന്നും കടുത്ത അവഗണന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ശ്രീ നാരായണ ഗുരുദേവന്റെ കാലഘട്ടം ആയപ്പോൾ മാത്രമാണ് അതിനു മാറ്റമുണ്ടായിതുടങ്ങിയത്.

ശ്രീനാരായണ ഗുരുദേവൻ ഈഴവരോടും അതുപോലെ അവഗണിക്കപ്പെട്ടിരുന്ന മറ്റ് സമുദായങ്ങളോടും ഉദ്ബോധിപ്പിച്ചിരുന്നത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും, സംഘടനകൊണ്ട് ശക്തരാകുവാനുമാണ്. അല്ലാതെ അവരുടെ സമുദായങ്ങളെ ഉപേക്ഷിക്കുവാനല്ല. ഈഴവരെ സംഘടിപ്പിച്ചാണ് എസ് എൻ ഡി പി യോഗം എന്ന മഹത്തായസംഘടന ഡോക്ടർ പല്പുവും, മഹാകവി കുമാരനാശാനുംചേർന്ന്, ഗുരുദേവൻറെ അനുഗ്രഹത്തോടെ രൂപീകരിച്ചത്. അത് ഈഴവസമുദായത്തിൻറെ ഉന്നമനത്തിന് വേണ്ടി റെജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും ഗുരുദേവനിയോഗം അനുസരിച്ച് എസ് എൻ ഡി പി യോഗം അവഗണന അനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും വേണ്ടി പ്രവർത്തിക്കുന്നു. രാജഭരണകാലത്ത് ഒരു വലിയവിഭാഗം ജനങ്ങളോടുണ്ടായിരുന്ന നീതിനിഷേധമാണ് കേരളത്തിൽ എസ് എൻ ഡി പി യോഗം ഉണ്ടാകുവാൻ ഇടയായത്. സാമൂഹ്യനീതിക്കുവേണ്ടി കേരളത്തിൽ ആദ്യമായി ഉണ്ടായ സംഘടനയാണ് എസ് എൻ ഡി പി യോഗം. കേരളത്തിൽ എല്ലാ മനുഷ്യർക്കും തുല്യനീതി ഉറപ്പാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ശ്രീ നാരായണ ധർമ്മം.

(മുകളിൽ നല്കിയ വിശദീകരണത്തെക്കുറിച്ച്‌ അഭിപ്രായങ്ങൾ അറിയിക്കുക. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതാണ്.)