Sunday 17 January 2016

എസ് എൻ ഡി പി യോഗവും, ശ്രീ നാരായണ ധർമ്മ സംഘവും.







എസ് എൻ ഡി പി യോഗവും, ശ്രീ നാരായണ ധർമ്മ സംഘവും.



എസ് എൻ ഡി പി യോഗവും, ശ്രീനാരായണ ധർമ്മസംഘവും ഗുരുദേവനാമത്തിലുള്ള മഹത്തായ രണ്ട് സംഘടനകളാണ്. ഇവയിൽ ആദ്യത്തേത് സാമൂഹ്യസംഘടനയും, രണ്ടാമത്തേത് ആത്മീയസംഘടനയുമാണ്. അവയുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അവയെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

എസ് എൻ ഡി പി യോഗം

വിശ്വമഹാകവിയായിരുന്ന രബീന്ദ്രനാഥ് ടാഗോർ ലോകത്തെ പലഭാഗങ്ങളിലും സഞ്ചരിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അനേകം വിശുദ്ധന്മാരേയും, മഹർഷിമാരേയും കാണുവാൻ കഴിഞ്ഞിരുന്നെങ്കിലും ആത്മീയമായി ശ്രീനാരായണ ഗുരുദേവനേക്കാൾ ഉയർന്ന ആരെയും ഒരിക്കലും കാണുവാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം നിർവ്യാജം സമ്മതിച്ച് എഴുതിയിട്ടുണ്ട്. എന്നാൽ ആത്മീയം പോലെ സാമൂഹ്യരംഗത്തും ശ്രീനാരായണ ഗുരുദേവൻ സജീവമായി പ്രവർത്തിച്ചിരുന്നു. അതുകാരണമാണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായത്.

രാജഭരണകാലത്ത് തിരുവിതാംകൂറും, കൊച്ചിയും, മലബാറും, പ്രത്യേകം രാജ്യങ്ങളായിരുന്ന കേരളത്തിൽ, ഒരു വലിയവിഭാഗം ജനങ്ങളോട് ഉണ്ടായിരുന്ന നീതിനിഷേധമാണ് എസ് എൻ ഡി പി യോഗം ഉണ്ടാകുവാൻ ഇടയായത്. കേരളത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ ജനവിഭാഗങ്ങളോടും ശ്രീനാരായണ ഗുരുദേവൻ ഉദ്ബോധിപ്പിച്ചിരുന്നത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും, സംഘടനകൊണ്ട് ശക്തരാകുവാനുമാണ്. എന്നാൽ രാജഭരണകാലത്ത് ആദ്യമായി സംഘടിക്കുന്നതിനുള്ള ധൈര്യവും, ജനപിന്തുണയും ഈഴവർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ സാമൂഹ്യനീതിക്കുവേണ്ടി ആദ്യമായി ഉണ്ടായ സംഘടനയാണ് എസ് എൻ ഡി പി യോഗം. അതിന്‌ശേഷമാണ് വേറെ സമുദായ സംഘടനകളും എല്ലാ രാഷ്ട്രീയപാർട്ടികളും ഉണ്ടായത്.

ഇരുപതാംനൂറ്റാണ്ട് തുടങ്ങുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ, കേരളത്തിൽ ഡോക്ടർമാർ കൂടുതലും തമിഴ് ബ്രാഹ്മണരും, ബ്രിട്ടീഷ്‌കാരുമായിരുന്നു. അക്കാലത്ത് മദ്രാസ്‌ മെഡിക്കൽ കോളേജിൽ നിന്നും എൽ എം എസ് പരീക്ഷ പാസ്സായ ആദ്യത്തെ മലയാളിയായിരുന്നു ഡോക്ടർ പൽപു. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റുറ്റിൽ നിന്നും എഫ് ആർ ഐ പി എച്ച് പാസായ ആദ്യത്തെ മലയാളിയും ഡോക്ടർ പൽപു ആയിരുന്നു. എന്നാൽ ഈഴവ സമൂഹത്തിൽ ജനിച്ചത്‌കൊണ്ട് അദ്ദേഹത്തിന് കേരളത്തിൽ ഉദ്യോഗം നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന് പിന്നീട് കർണാടകയിൽ ഉദ്യോഗം ലഭിച്ചു. കേരളത്തിൽ അക്കാലത്ത് ഈഴവ സമൂഹം നേരിടുന്ന അവഗണനയിൽ ഡോക്ടർ പൽപുവിന് വളരെയധികം ദുഃഖം ഉണ്ടായിരുന്നു. മഹാകവി കുമാരനാശാനെ പോലെ പ്രതിഭകൾ ഉണ്ടായിരുന്ന കേരളത്തിലെ ഭൂരിപക്ഷ സമൂഹമായ ഈഴവരുടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഡോക്ടർ പൽപു തീരുമാനിച്ചു. അതിനായി അദ്ദേഹം ഈഴവ മഹാസഭ എന്ന സംഘടന രൂപീകരിച്ചെങ്കിലും അത് വേണ്ടത്ര പുരോഗതി നേടിയില്ല. അതിനുശേഷം അദ്ദേഹം ശക്തമായ ഒരു സംഘടന ഈഴവർക്ക് വേണ്ടി രൂപീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

ഡോക്ടർ പൽപു കർണാടകയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നപ്പോൾ, വിവേകാനന്ദസ്വാമികളെ കാണുവാൻ ഇടയായി. വിവേകാനന്ദസ്വാമികൾ ഡോക്ടർ പൽപുവിനോട് കേരളത്തിൽ രൂപീകരിക്കുന്ന സംഘടനയ്ക്ക് കേരളത്തിൽ തന്നെയുള്ള ഒരു ആത്മീയഗുരുവിന്റെ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് ഉപദേശിച്ചു. വിവേകാനന്ദ സ്വാമികളുടെ ഉപദേശം അനുസരിച്ച് ഡോക്ടർ പൽപു ഈശ്വരതുല്യനായ ശ്രീനാരായണ ഗുരുദേവനെ കാണുകയും, ഗുരുദേവന്റെ അനുഗ്രഹത്തോടുകൂടി, ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശനോടൊപ്പം ചേർന്ന് സംഘടന രൂപീകരിക്കുന്നതിനുള്ള ശ്രമം തുടരുകയും ചെയ്തു.  

ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ അരുവിപ്പുറം ശിവക്ഷേത്രത്തിൽ അക്കാലത്ത് വാവൂട്ട് യോഗം എന്നപേരിൽ ഈഴവരുടെ ഒരു സംഘടന ഉണ്ടായിരുന്നു. അത് കുറച്ചു കാലത്തിനു ശേഷം വിപുലീകരിച്ച് അരുവിപ്പുറം ക്ഷേത്രയോഗം എന്ന പേരിലാക്കപ്പെട്ടു. ഡോക്ടർ പൽപുവിന്റെ ശ്രമഫലമായി, അരുവിപ്പുറം ക്ഷേത്രയോഗത്തിൽ പ്രവർത്തിച്ചിരുന്ന ഈഴവരേയും, മഹാകവി കുമാരനാശാന്റെ ക്ഷണപ്രകാരം കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിചേർന്ന പ്രമാണിമാരായ ഈഴവരേയും സംഘടിപ്പിച്ച്, ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗനിർദ്ദേശത്താലും, അനുഗ്രഹത്താലും, 1903 ജനുവരി മാസം ഏഴാം തീയതി അരുവിപ്പുറത്ത് രൂപീകരിക്കപ്പെട്ട സംഘടനയാണ് എസ് എൻ ഡി പി യോഗം. അത് ഈഴവരുടെ വിദ്യാഭ്യാസപരവും, വ്യവസായപരവും, സാമൂഹ്യപരവുമായ ഉന്നമനത്തിനായി 1903 മെയ്‌ മാസം പതിനഞ്ചാം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. എസ് എൻ ഡി പി യോഗത്തിന്റെ ആദ്യത്തെ ജനറൽസെക്രട്ടറി മഹാകവി കുമാരനാശാനായിരുന്നു.

എസ് എൻ ഡി പി  യോഗം രൂപീകരിച്ചപ്പോൾ, അതിന്‌വേണ്ടി പരിശ്രമിച്ച പ്രമുഖരായ ഡോക്ടർ പൽപുവും, മഹാകവി കുമാരനാശാനും ഉൾപ്പടെയുള്ള അക്കാലത്തെ ഈഴവ സമൂഹത്തിന്റെ വലിയ ആഗ്രഹം ശ്രീനാരായണ ഗുരുദേവൻ എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റ്‌ ആകണമെന്നായിരുന്നു. അവരുടെ പ്രാർത്ഥനയുടെ ഫലമായി, എസ് എൻ ഡി പി യോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ശ്രീനാരായണ ഗുരുദേവനായിരുന്നു. ഗുരുദേവൻ എസ്എൻ ഡി പി യോഗത്തിന്റെ ആദ്യത്തെ  പ്രസിഡന്റ്ആയത് എസ്എൻ ഡി പി യോഗത്തിന്റെയും, ഈഴവ സമൂഹത്തിന്റെയും മഹാഭാഗ്യമായിരുന്നു. അതുകാരണം എസ് എൻ ഡി പി യോഗത്തിന് മഹത്വം ഉണ്ടാകുകയും, യശസ്സ് വർദ്ധിക്കുകയും, ധാരാളം ആളുകൾ എസ് എൻ ഡി പി യോഗത്തിൽ ചേരുകയും ചെയ്യ്തു. ഗുരുദേവന്റെ മഹാസമാധിവരെ ഗുരുദേവൻ തന്നെ ആയിരുന്നു എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റ്. വൈസ്പ്രസിഡന്റ് ഡോക്ടർ പൽപു ആയിരുന്നു.

മഹാനായ ആർ. ശങ്കർ ജനറൽസെക്രട്ടറി ആയിരുന്നപ്പോൾ എസ് എൻ ഡി പി യോഗത്തിന് കോളേജ്കൾ ഉൾപ്പടെ അനേകം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായി. അവയുടെ നടത്തിപ്പിനായി 1952ൽ എസ് എൻ ട്രസ്റ്റ്‌ രൂപികരിച്ചു. എസ് എൻ ട്രസ്റ്റ്‌ന്റെയും, എസ് എൻ ഡി പി യോഗത്തിന്റെയും ജനറൽസെക്രട്ടറി ഒരാൾ തന്നെയാണ്. ഇപ്പോൾ എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റ്‌ ഡോക്ടർ സോമനും, ജനറൽസെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനുമാണ്‌. എസ് എൻ ഡി പി യോഗത്തിന്റെ ചരിത്രത്തിൽ, പ്രമുഖരായിരുന്ന ജനറൽസെക്രട്ടറിമാരിൽ, ആർ.ശങ്കറിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട, ശക്തനും, സമർത്ഥനുമായ ജനറൽസെക്രട്ടറിയാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗം ഇന്ത്യയിലെ വലിയ സംഘടനകളിൽ ഒന്നാണ്. അത് ഈഴവർക്ക് വേണ്ടി രാജഭരണകാലത്ത് രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും ഗുരുദേവനിയോഗം അനുസരിച്ച് എസ് എൻ ഡി പി യോഗത്തിന് അവഗണന അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുവാൻ ബാധ്യതയുണ്ട്. അവഗണന അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്നുള്ളത് മഹത്തായ ശ്രീനാരായണ ധർമ്മമാണ്.
  
ശ്രീ നാരായണ ധർമ്മസംഘം

ശ്രീനാരായണഗുരുദേവന് മഹാകവി കുമാരനാശാനെ പോലെ ഗൃഹസ്ഥാശ്രമികളായ ശിഷ്യന്മാരും, അനേകം സന്യസിമാരായ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഗുരുദേവൻ 1926 ൽ തൃശൂർ കൂർക്കഞ്ചേരി അദ്വൈതാശ്രമത്തിൽ രൂപീകരിച്ച ഗുരുദേവന്റെ സന്യാസിമാരായ ശിഷ്യന്മാരുടേയും, അവരുടെ പിൻഗാമികളായ സന്യാസിമാരുടെയും സംഘടനയാണ് ശ്രീനാരായണ ധർമ്മസംഘം. അതിന് ഏതെങ്കിലും ജാതിയുമായോ, മതവുമായോ, വിഭാഗവുമായൊ ബന്ധമില്ല. മാത്രമല്ല അതിനു എസ് എൻ ഡി പി യോഗവുമായും ബന്ധമില്ല. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആദർശങ്ങൾക്കും, ധർമ്മപ്രവർത്തനങ്ങൾക്കും, ആത്മീയകാര്യങ്ങൾക്കും മാത്രം ശ്രീനാരായണ ധർമ്മസംഘം പ്രാധാന്യം നൽകുന്നു. അതിന്റെ ആദ്യത്തെ പ്രസിഡന്റ്, ശ്രീനാരായണ ഗുര്ദേവന്റെ നിർദ്ദേശപ്രകാരം, ഗുരുദേവന്റെ പ്രധാന ശിഷ്യനും പിൻഗാമിയുമായിരുന്ന ബോധാനന്ദസ്വാമികൾ ആയിരുന്നു. ശ്രീനാരായണ ധർമ്മസംഘം 1928 രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സന്ദർഭത്തിൽ ഗുരുദേവന്റെ പ്രശസ്തരായ പതിനൊന്നു സന്യാസിശിഷ്യന്മാർ ഗുരുദേവനോടൊപ്പം എടുത്ത ഫോട്ടോ വളരെ പ്രസിദ്ധമാണ്.

ശ്രീനാരായണ ധർമ്മസംഘം പിൽക്കാലത്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്ആയിതീർന്നു. അതിന്റെ പ്രധാന കാര്യാലയം ശിവഗിരി മഠം ആണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്ന്റെ ഇപ്പോഴത്തെ പ്രസിഡന്റ്ശ്രീപ്രകാശാനന്ദ സ്വാമികൾ ആണ്. ആലുവ അദ്വൈതാശ്രമം, പാലക്കാട് ധർമ്മഗിരി ആശ്രമം, ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം ഉൾപ്പടെ കേരളത്തിന്അകത്തും പുറത്തുമായി അനേകം സന്യാസിമഠങ്ങളും, ധർമ്മസ്ഥാപനങ്ങളും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്ന്റെ കീഴിൽ പ്രവർത്തിക്കുന്നു. അതിനുപുറമേ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയും അതിനോടൊപ്പമുള്ള നഴ്സിംഗ് കോളേജും കൂടാതെ ഹയർ സെക്കന്ററി സ്കൂളുകളും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്നടത്തുന്നു. എല്ലാ വർഷവും നടക്കുന്ന ശ്രീനാരായണീയരുടെ പ്രസിദ്ധമായ ശിവഗിരി തീർത്ഥാടനവും, അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനങ്ങളും, വ്യാവസായിക പ്രദർശനങ്ങളും ഭംഗിയായി നടത്തുന്നതിനുള്ള ചുമതല ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്ന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിക്കാണ്.  

ഈശ്വരതുല്യനായ ശ്രീനാരായണ ഗുരുദേവൻനാം’ ഏതെങ്കിലും ജാതിയിലോ മതത്തിലോ പെടുന്നില്ലന്ന് വളരെ ചെറുപ്പത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ഗുരുദേവൻ ഞാൻ എന്ന് പറയാറില്ലയിരുന്നു. നാം’ എന്ന് മാത്രമേ എല്ലാ സന്ദർഭങ്ങളിലും പറഞ്ഞിരുന്നുള്ളൂ. അതുകാരണം നമ്മൾ ഉൾപ്പെടുന്ന സമസ്തജീവജാലങ്ങളിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നാണെന്നു ഗുരുദേവൻ നമ്മളെ ബോധ്യപ്പെടുത്തിയിരുന്നു. ശിവഗിരിയിൽ ശ്രീനാരായണ ഗുരദേവനാൽ സ്ഥാപിതമായ ലോകത്തെ ആദ്യത്തെ ബ്രഹ്മവിദ്യാലയത്തിൽ എല്ലാമതങ്ങളെക്കുറിച്ചും, വേദങ്ങളെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും, അദ്വൈ സിദ്ധാന്തത്തെക്കുറിച്ചും കൂടാതെ പ്രധാനഭാഷകളും, ഗുരുദേവ കൃതികളും പഠിപ്പിക്കുന്നു. ബ്രഹ്മവിദ്യാലയത്തിൽ ഏഴുവർഷം പഠനം പൂർത്തിയാക്കുന്ന സന്യാസിമാർക്ക് ‘ബ്രഹ്മവിദ്യാചാര്യൻ’ എന്ന സ്ഥാനം നൽകുന്നു. ബ്രഹ്മജ്ഞാനമുള്ള ലോകപ്രശസ്തരായ ഈ സന്യാസിമാർ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്ന്റെ കീഴിലുള്ള അനേകം സന്യാസിമഠങ്ങളിലും ധർമ്മസ്ഥാപനങ്ങളിലും സേവനസന്നദ്ധരായി പ്രവർത്തിക്കുന്നു.

(മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തലുകൾ സ്വാഗതാർഹം.)